Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
ഇനി പഞ്ചറില്ലാ കാലം
അലന്‍ ഹാഷിം


പാതിരാത്രിയില്‍ പരിചയമില്ലാത്ത സ്ഥലത്ത് വെച്ച് ടയര്‍ പഞ്ചറാകുന്നതിന്റെ ദുരിതം അനുഭവിക്കാത്തവര്‍ കുറവായിരിക്കും. ടയര്‍ ‍, ട്യൂബ്, ട്യൂബിനുള്ളിലെ വായു, പൊട്ടിയ ഡിസ്ക്, നിവരാത്ത ജാക്കി, കാണാതായ ജാക്ക് ലിവര്‍, പിരിപോയ വീല്‍നട്ട്, ഗ്രിപ്പില്ലാത്ത വീല്‍ സ്പാനര്‍- ഇവയൊക്കെ കണ്ടുപിടിച്ചവരെ പ്രാകാത്ത വാഹന ഉടമകളും വിരളമായിരിക്കും. ഇതൊന്നുമില്ലാത്ത ടയര്‍ ‍- വീല്‍ സംവിധാനങ്ങളുണ്ടായിരുന്നെങ്കില്‍ എന്നു പ്രാര്‍ത്ഥിച്ചുപോകുന്നത് അത്തരം അവസ്ഥകളിലാണ്. അലോയ് വീലും, ട്യൂബ്‍ലെസ് ടയറുമൊക്കെ ഇതിനെല്ലാം കുറേയേറെ പരിഹാരമാകുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ പൂര്‍ണ്ണമായും ഒഴിയുന്നില്ല. അതുകൊണ്ട് തന്നെയാണ് അമേരിക്കന്‍ ടയര്‍ നിര്‍മ്മാണ കമ്പനി മിഷെലിന്‍ ഈ ദുരിതങ്ങള്‍ക്കുപരിഹാരമായി 'ട്വീല്‍ '(Tweel) നിര്‍മ്മിച്ചത്.
Tweel
'ട്വീല്‍' എന്നാല്‍ ടയര്‍ + വീല്‍. വീലും ടയറും ഒന്നുചേര്‍ന്നുള്ള ഘടനയായതിനാലാണ് ഈ പേര്. വായു നിറയ്ക്കേണ്ടതില്ല, പഞ്ചറാവുകയുമില്ല , ട്വില്‍ . ട്വീലിന്റെ റോഡില്‍ സ്പര്‍ശിക്കുന്ന ഭാഗം ത്രെഡ് റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. ഈ ഭാഗവും ഏതാനും സ്പോക്കുകളുമാണ് ട്വീലിന്റെ രൂപഘടനയിലുള്ളത്. സ്പോക്കുകള്‍ ഇലാസ്റ്റിസിറ്റിയുള്ള പോളി റെസിന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ട്വീലിന്റെ എല്ലാഭാഗങ്ങള്‍ക്കും 'ഫ്ളെക്സിബിലിറ്റി'യുണ്ട്. അതായത് ഉള്ളില്‍ വായു ഇല്ലെങ്കിലും ഒരു കല്ലില്‍ കയറിയാല്‍ ട്വീല്‍ നിമിഷാര്‍ത്ഥം കൊണ്ട് വളയുകയും നിവരുകയും ചെയ്യുമെന്നര്‍ത്ഥം. ഇതുമൂലം ഒരു ഷോക്ക് അബ്സോര്‍ബറിന്റെ ധര്‍മ്മംകൂടി നിര്‍വഹിക്കുന്നുണ്ട്, ട്വീല്‍ ‍. കൂടാതെ, റീത്രെഡ് ചെയ്ത് വീണ്ടും ഉപയോഗിക്കുകയുമാവാം.


2005 നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോഷോയില്‍ ആദ്യമായി മുഖം കാണിച്ച ട്വീല്‍ ഒടുവില്‍ വിപണിയിലെത്തുകയാണ്. അധികവേഗതയെടുക്കാത്ത, കണ്‍സ്ട്രക്ഷന്‍ - അഗ്രികള്‍ച്ചര്‍ മേഖലയിലെ വാഹനങ്ങളിലാണ് ട്വീല്‍ ആദ്യം സാന്നിധ്യമറിയിയ്ക്കുക. നോര്‍ത്ത് അമേരിക്കയില്‍ മിഷെലിന്‍ തുറന്ന പുതിയ പ്ലാന്റിലാണ് ട്വീലിന്റെ ഉത്പാദനം.
Tweel
മിഷെലിന്‍ കമ്പനി പത്ത് വര്‍ഷത്തോളമായി ട്വീല്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവ് നടത്തുന്നുണ്ടായിരുന്നു. സാധാരണ ടയറുകള്‍ പോലെതന്നെ കോര്‍ണറിങ് - ഹാന്‍ഡ്‍ലിങ് കഴിവുകള്‍ ട്വീലിനുമുണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. ടയറുകളുടെ പെര്‍ഫോമന്‍സിനെ ബാധിക്കുന്ന വെര്‍ട്ടിക്കല്‍ സ്റ്റിഫ്‍നെസ്, ലാറ്ററല്‍ സ്റ്റിഫ്‍നെസ് എന്നിവ മറ്റു ടയറുകളേക്കാള്‍ അഞ്ചു ശതമാനം കൂടുതലാണത്രെ, ട്വീലിന്. മറ്റൊന്നുകൂടിയുണ്ട്, ഓരോ വാഹനത്തിനും ചേരുന്ന രീതിയില്‍ ട്വീലിനെ രൂപകല്പന ചെയ്തെടുക്കാം. ഇതുകൂടാതെ വെള്ളത്തിലൂടെ ഓടിക്കുമ്പോള്‍ ട്വീലിന് കൂടുതല്‍ ഗ്രിപ്പ് നല്‍കാനാകും.
Tweel
മെയിന്റനന്‍സ് ചെലവ് തീരെയില്ല എന്നതാണ് ട്വീലിന്റെ മറ്റൊരു പ്രത്യേകത. എയര്‍ പ്രഷര്‍ നോക്കേണ്ട, വീല്‍ ബാലന്‍സിങ് നോക്കേണ്ട, ട്യൂബ് മാറ്റേണ്ട - എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് ആലോചിച്ചു നോക്കുക. ലോകത്തിലെ ആദ്യ വായുരഹിത റേഡിയല്‍ ടയറായ ട്വീല്‍ അധികം വൈകാതെ കാറുകളിലും ഇടം തേടുമെന്ന് ഉറപ്പിക്കാം. കാരണം, 1948 ല്‍ ആദ്യമായി റേഡിയല്‍ ടയര്‍ നിര്‍മ്മിച്ച് വിപ്ലവം സൃഷ്ടിച്ചതും മിഷെലിനാണല്ലോ.


Related StoriesTOP