Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍
അലന്‍ ഹാഷിം


ഇന്ത്യന്‍ വാഹനവിപണിയില്‍ ഏറ്റവും ജനപ്രിതി നേടിയ സാങ്കേതികവിദ്യയായി മാറിയിരിക്കുകയാണ് എഎംടി എന്ന ചുരുക്കപ്പേരുള്ള ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ‍. മാരുതി സൂസൂക്കി സെലേറിയോയിലൂടെ പരിചയപ്പെടുത്തിയ എഎംടിയെ ടാറ്റ , മഹീന്ദ്ര എന്നീ കമ്പനികളും ഉപയോഗിക്കാനുള്ള ഒരുക്കങ്ങളിലാണ്. കാര്യങ്ങള്‍ ഈ വിധം നീങ്ങിയാല്‍ എഎംടിയുള്ള വാഹനങ്ങള്‍ വൈകാതെ നമ്മുടെ നിരത്തുകള്‍ കീഴടക്കുമെന്ന് ഉറപ്പിക്കാം. ക്ലച്ച് രഹിത ഡ്രൈവിങ് സാധ്യമാക്കുന്ന എഎംടിയെ വിശദമായി ഒന്നു പരിചയപ്പെടാം.
AMT
മാന്വല്‍ ഗീയര്‍ ട്രാന്‍സ്മിഷനില്‍ ക്ലച്ച് അമര്‍ത്തി എന്‍ജിനും ഗീയര്‍ബോക്സുമായുമായുള്ള ബന്ധം വേര്‍പെടുത്തിയാണ് ഗീയര്‍മാറുന്നത്. ക്ലച്ചില്‍ നിന്ന് കാലെടുക്കുന്നതോടെ വീണ്ടും എന്‍ജിനും ഗീയര്‍ബോക്സുമായുള്ള ബന്ധം പുനഃസ്ഥാപിക്കും. എന്നാല്‍ എഎംടിയില്‍ ഇതെല്ലാം ചെയ്യുന്നത് ഇലക്ട്രോ - ഹൈഡ്രോളിക് സംവിധാനമാണ്. ക്ലച്ച് പെഡല്‍ ഇല്ലെങ്കിലും ഗീയര്‍ ട്രാന്‍സ്മിഷന്‍ സംവിധാനത്തില്‍ ക്ലച്ചുണ്ട്. അതു നിയന്ത്രിക്കുന്നത് ഡ്രൈവര്‍ക്ക് പകരം ഒരു കമ്പ്യൂട്ടര്‍ അഥവാ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് (ടിസിയു)ആണെന്നു മാത്രം. ക്ലച്ച്, ഗീയര്‍ എന്നിവ ക്രമീകരിക്കുന്ന ജോലി ഇലക്ട്രിക് നിയന്ത്രണത്തിലുള്ള ഹൈഡ്രോളിക് സിസ്റ്റത്തിനാണ്. ചുരുക്കി പറഞ്ഞാല്‍ ഡ്രൈവറെ സംബന്ധിച്ചിടത്തോളം ഓട്ടോമാറ്റിക് ഉപയോഗിക്കുന്ന രീതിയില്‍ തന്നെ എഎംടിയും ഉപയോഗിക്കാം. കാറിന്റെ എന്‍ജിന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ടിസിയു ഹൈഡ്രോളിക് ആക്ചുവേറ്റേഴ്സ് ഉപയോഗിച്ച് ആവശ്യാനുസരണം ഗീയര്‍ അപ്പ് അല്ലെങ്കില്‍ ഡൗണ്‍ ചെയ്യുന്നത്.
AMT
അപ്പോള്‍ പിന്നെ സാധാരണ ഓട്ടോമാറ്റിക് ഗീയര്‍ബോക്സുമായി എഎംടിയ്ക്ക് വ്യത്യാസമെന്തെന്ന് ചിന്തിക്കുന്നുണ്ടാവും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ക്ലച്ച് പ്ലേറ്റുകള്‍ക്ക് പകരം ഹൈഡ്രോളിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറാണ് എന്‍ജിനും ട്രാന്‍സ്മിഷനും ഇടയ്ക്കുള്ളത്. എന്‍ജിന്റെ കരുത്ത് ഇത്തരത്തില്‍ ഫ്ലൂയിഡില്‍ കൂടി ട്രാന്‍സ്മിഷനിലേക്ക് പകരുമ്പോള്‍ വലിയ ഊര്‍ജ്ജനഷ്ടം ഉണ്ടാകും. ഇതാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറിനു മൈലേജ് കുറയാനുള്ള കാരണം. ഏറെ സങ്കീര്‍ണ്ണമായ ഈ സംവിധാനം നിര്‍മിക്കുന്നതിനു ചെലവും കൂടുതലാണ്. മാത്രവുമല്ല താരതമ്യേന വലുപ്പവും ഭാരവും കൂടുതലുള്ള ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഉറപ്പിക്കാന്‍ വാഹനത്തില്‍ പ്രത്യേക ക്രമീകരണങ്ങളും ആവശ്യമാണ്.

ഓട്ടോമാറ്റിക് ഗീയര്‍ബോക്സിലുണ്ടാകുന്ന ഊര്‍ജ്ജനഷ്ടം ഇല്ലാത്തതിനാല്‍ മാന്വലിന് തുല്യമായ മൈലേജ് നല്‍കാന്‍ എഎംടിയ്ക്കു കഴിയും. ഡ്രൈവിങ്ങിന്റെ ഹരം ആസ്വദിക്കേണ്ടവര്‍ക്ക് വേണ്ടി മാന്വല്‍ മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മോഡില്‍ ഡ്രൈവര്‍ക്ക് ഇഷ്ടാനുസരണം ഗീയര്‍ സെലക്ട് ചെയ്യാം. മാന്വല്‍ ഗീയര്‍ബോക്സില്‍ ഉറപ്പിക്കാവുന്ന പ്രത്യേകം കിറ്റായാണ് എഎംടി യൂണിറ്റ് എത്തുന്നത്. അതുകെണ്ടുതന്നെ നിര്‍മാതാക്കള്‍ക്ക് വാഹനത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൂടാതെ തന്നെ എഎംടിയിലേക്ക് മാറ്റാനാകും.
AMT
ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ അത്ര പുതിയ കണ്ടുപിടുത്തമല്ല. എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ കണ്‍ട്രോള്‍ഡ് എഎംടി ആദ്യമായി അവതതരിപ്പിച്ചത് 1997 ല്‍ സ്പോര്‍ട്സ് കാറായ ഫെരാരി 355 എഫ് വണ്ണിലായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പക്ഷേ എഎംടി അത്ര വിജയകരമായില്ല. പ്രധാനകാരണം ഓട്ടോമാറ്റിക്കിന്റെ അത്ര സ്മൂത്തല്ല എഎംടിയുടെ ഗീയര്‍മാറ്റം. ഒറ്റയടിയ്ക്ക് കാലുകൊടുത്ത് എഎംടി കാര്‍ ഓടിച്ചാല്‍ ഗീയര്‍മാറുമ്പോള്‍ ചെറിയ ചാട്ടം അനുഭവപ്പെടും. യൂറോപ്യന്‍ റോഡുകളില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ നടക്കുന്ന ഗീയര്‍മാറ്റത്തിന്റെ നിരക്ക് താരതമ്യേന കുറവായതിനാല്‍ മുമ്പു പറഞ്ഞതുപോലെയായിരിയ്ക്കും പൊതുവെയുള്ള ഡ്രൈവിങ്. വിദേശികള്‍ മൈലേജ് അത്ര കാര്യമാക്കാറുമില്ല. അതുകൊണ്ടുതന്നെ മിക്കവരും ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങും. ഇനി അതിഷ്ടപ്പെടാത്തവരാകട്ടെ മാന്വല്‍ ഗീയര്‍ബോക്സുള്ള കാറുകളും തിരഞ്ഞെടുക്കും. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി നേരെ മറിച്ചാണ് . മൈലേജാണ് ജനത്തിനു മുഖ്യം. മാത്രവുമല്ല. എപ്പോഴും തിരക്കുള്ള റോഡില്‍ ഗീയര്‍മാറ്റം കൂടാതെ ഓടിയ്ക്കാവുന്ന ഒരു വണ്ടി അതും മാന്വല്‍ ട്രാന്‍സ്മിഷന്‍ വകഭേദത്തെക്കാള്‍ ഒരുപാട് പണം മുടക്കാതെ കിട്ടുമ്പോള്‍ ഇന്ത്യക്കാര്‍ തീര്‍ച്ചയായും അതിഷ്ടപ്പെടും. സെലേറിയോയുടെ എഎംടി പെട്ടെന്നുതന്നെ സൂപ്പര്‍ ഹിറ്റായി മാറാന്‍ കാരണവും ഇതുതന്നെ. മാന്വല്‍ സെലേറിയോയെ അപേക്ഷിച്ച് 40,000 രൂപയോളം മാത്രമേ എഎംടിയ്ക്ക് അധികം മുടക്കേണ്ടതുള്ളൂ. ഇതേ സ്ഥാനത്ത് ഓട്ടോമാറ്റിക് ആയിരുന്നെങ്കില്‍ ഒരു ലക്ഷം രൂപയ്ക്കു മേല്‍ അധികം കൊടുക്കേണ്ടിവരമെന്ന് ഓര്‍ക്കണം.. മാന്വല്‍ ഗീയര്‍ബോക്സുള്ള മോഡലിനു തുല്യമായ മൈലേജും എഎംടി മോഡല്‍ നല്‍കുന്നുണ്ട് , ലീറ്ററിന് 23.10 കിമീ.

എഎംടി സാങ്കേതിക വിദ്യയുമായി സെഡ്എഫ് (ജര്‍മനി), വാബ്കോ ( ബെല്‍ജിയം ), ഗെട്രാഗ് ( ജര്‍മനി) , മാഗ്നേറ്റി മറേലി ( ഇറ്റലി)എന്നിങ്ങനെ ഒരു നിര കമ്പനികള്‍ രംഗത്തുണ്ട്. എന്നാല്‍ മാഗ്നേറ്റി മറേലിയുടെ ( Magneti Marelli ) എഎംടിയാണ് മാരുതി സുസൂക്കി ഉപയോഗിക്കുന്നത്. നിലവില്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന എഎംടി യൂണിറ്റുകള്‍ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ കമ്പനി ആലോചിയ്ക്കുന്നുണ്ട്.Related StoriesTOP