Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
എം.പി.എഫ്.ഐ സിസ്റ്റം
മധു മധുരത്തില്‍


ഒരു നൂറ്റാണ്ടോളം പെട്രോള്‍ എന്‍ജിനുകളുടെ അഭിഭാജ്യഘടകമായി തുടര്‍ന്ന കാര്‍ബുറേറ്ററിനെ പുറന്തള്ളിയ സാങ്കേതികവിദ്യയാണ് എം.പി.എഫ്.ഐ. എന്ന ചുരുക്കപ്പേരുള്ള മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇന്‍ജക്ഷന്‍. എണ്‍പതുകളുടെ അവസാനത്തോടെ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയായിരുന്നു എം.പി.എഫ്.ഐയുടെ ഉപയോഗം വ്യാപകമായത്.


എം.പി.എഫ്.ഐ സിസ്റ്റത്തെപ്പറ്റി വിശദമാക്കും മുമ്പ് കാര്‍ബുറേറ്ററിനെപ്പറ്റി ചില കാര്യങ്ങള്‍ പറയാം. എന്‍ജിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ വായു - ഇന്ധന മിശ്രിതം തയ്യാറാക്കുന്ന ഉപകരണമാണ് കാര്‍ബുറേറ്റര്‍. എന്‍ജിനിലുണ്ടാകുന്ന ന്യൂനമര്‍ദത്താല്‍ വലിച്ചെടുക്കുന്ന വായുവുമായി ഇന്ധനം കലര്‍ത്തുകയാണ് ഇതു ചെയ്യുക. തികച്ചും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന കാര്‍ബുറേറ്ററിനു പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്ധന- വായു അനുപാതം വ്യത്യാസപ്പെടുത്താന്‍ കഴിവില്ല. അതുകൊണ്ടുതന്നെ ഇന്ധനത്തിന്റെ പരമാവധി ജ്വലനം പലപ്പോഴും നടക്കാതെപോകും. താരതമ്യേന കുറഞ്ഞ മൈലേജ് , കൂടിയ വായുമലിനീകരണം എന്നിവയാണിതിന്റെ പരിണിത ഫലങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എം.പി.എഫ്.ഐ.


പ്രവര്‍ത്തന രീതി


ഡീസല്‍ എന്‍ജിനുകള്‍ക്ക് സി.ആ.ര്‍ഡി.ഐ എന്നതുപോലെയാണ് പെട്രോള്‍ എന്‍ജിനുകള്‍ക്ക് എം.പി.എഫ്.ഐ എന്നു പറയാം. ഇവിടെയും എന്‍ജിന്‍ പ്രവര്‍ത്തനം കംപ്യൂട്ടര്‍ നിയന്ത്രണത്തിലാണ്. എന്‍ജിന്റെ താപനില, വായുവിലെ ഓക്സിജന്‍ സാന്ദ്രത, എന്‍ജിന്‍ വേഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് എംപിഎഫ്ഐ സിസ്റ്റത്തിന്റെ തലച്ചോറായ ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് ( ഇസിയു) എന്‍ജിനിലേക്കുള്ള വായു- ഇന്ധന അനുപാതം ക്രമീകരിക്കുന്നത്. അഞ്ചോ അതിലധികമോ സെന്‍സറുകളില്‍നിന്നാണ് ഇസിയു വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഇന്ധന - വായു മിശ്രണം പരമാവധി ഫലപ്രദമാക്കാനുള്ള സംവിധാനവും എം.പി.എഫ്.ഐ സിസ്റ്റത്തിലുണ്ട്. പെട്രോള്‍ ടാങ്കിനുള്ളിലെ ഇലക്ട്രിക് പമ്പുപയോഗിച്ച് രണ്ടറ്റവും അടഞ്ഞ ഒരു കുഴലില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഇന്ധനം സംഭരിക്കും. ഇവിടെനിന്നുമാണ് ഓരോ സിലിണ്ടറിലേക്കും ഇന്ധനമെത്തുക. കാര്‍ബുറേറ്റര്‍ എന്‍ജിനില്‍ നിന്നു വ്യത്യസ്തമായി എം.പി.എഫ്.ഐ എന്‍ജിനില്‍ ഓരോ സിലിണ്ടറിനും വെവ്വേറെ ഇന്‍ജക്ടര്‍ ഉപയോഗിക്കുന്നുണ്ട്. മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ എന്ന പേരുണ്ടാവാന്‍ കാരണവും ഇതുതന്നെ. ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഇന്ധനം ഇന്‍ജക്ടറിന്റെ അതിസൂഷ്മ സുഷിരത്തിലൂടെ കടന്നുപോകുമ്പോള്‍ വളരെ ചെറുകണികകളായി മാറുന്നു. വായുവുമായി നന്നായി കൂടിക്കലരാന്‍ ഇതു സഹായിക്കുന്നതിനാല്‍ മെച്ചപ്പട്ട ജ്വലനം സാധ്യമാകും. ഇന്‍ജക്ടറുകള്‍ സ്പ്രേ ചെയ്യുന്ന ഇന്ധനത്തിന്റെ അളവു നിര്‍ണയിക്കുന്നതും ഇസിയു തന്നെ.


നേട്ടങ്ങള്‍  • എന്‍ജിനിലെ ഓരോ സിലിണ്ടറിലേക്കും ഒരേ പോലെയുള്ള വായു - ഇന്ധനമിശ്രിതം എത്തുന്നതിനാല്‍ ഓരോ സിലിണ്ടറും ഉത്പാദിപ്പിക്കുന്ന കരുത്തിലുള്ള ഏറ്റക്കുറച്ചിലുണ്ടാവില്ല. അതുകൊണ്ടുതന്നെ വിറയല്‍ കുറവായിരിക്കും. എന്‍ജിന്‍ ഘടകങ്ങള്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുകയും ചെയ്യും.

  • തണുപ്പുള്ള കാലാവസ്ഥയില്‍ കാര്‍ബുറേറ്റര്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ടാവാന്‍ മടി കാണിക്കും. എന്‍ജിനിലേക്കുള്ള ഇന്ധനത്തിന്റെ അളവു കൂട്ടാന്‍ ചോക്ക് ഉപയോഗിക്കേണ്ടതായും വരും. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്ധന - വായു അനുപാതം ക്രമീകരിക്കാന്‍ കഴിവുള്ള എം.പി.എഫ്.ഐ. എന്‍ജിനു ഈ പ്രശ്നമില്ല. ഒറ്റയടിക്കു സ്റ്റാര്‍ട്ടാകും.

  • പെട്ടെന്നുള്ള വേഗമെടുക്കല്‍ സാധ്യമാക്കുന്നു.

  • ഇന്ധനത്തിന്റെ ഫലപ്രദമായ ജ്വലനം സാധ്യമാകുന്നതിനാല്‍ മലിനീകരണം കുറവാണ്. ഒപ്പം മികച്ച ഇന്ധനക്ഷമതയും ഉറപ്പാക്കുന്നു.

  • ദീര്‍ഘമായ കാലയളവില്‍ മാത്രം അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളൂ.


എംപിഎഫ്ഐ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍   • വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ആക്സിലറേറ്റര്‍ പ്രയോഗിക്കേണ്ടതില്ല. സ്റ്റാര്‍ട്ടിങ്ങിനു വേണ്ടതൊക്കെ എന്‍ജിന്‍ ഇസിയു തന്നെ ഒരുക്കിക്കിക്കൊള്ളും.

  • ബാറ്ററി ഡൌണ്‍ ആയ സാഹചര്യത്തില്‍ എംപിഎഫ്ഐ വാഹനം സെക്കന്‍ഡ് ഗീയറിലിട്ട് തള്ളി സ്റ്റാര്‍ട്ട് ചെയ്യരുത്. തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആള്‍ട്ടര്‍നേറ്ററില്‍ നിന്നുണ്ടാകുന്ന അമിത വോള്‍ട്ടേജ് എന്‍ജിന്‍ ഇസിയുവിന് തകരാറുണ്ടാക്കും. അത് മാറി വയ്ക്കുന്നത് ചെലവേറിയ കാര്യമാണ്. മറ്റൊരു ബാറ്ററി ഘടിപ്പിച്ചോ അതില്‍ നിന്ന് ജംപ് സ്റ്റാര്‍ട്ട് കേബിള്‍ ഉപയോഗിച്ചോ മാത്രം അത്യാവശ്യഘട്ടങ്ങളില്‍ സ്റ്റാര്‍ട്ട് ചെയ്യുക.

  • കഴിവതും വിശ്വാസ്യതയുള്ള പെട്രോള്‍ പമ്പില്‍നിന്നും ഇന്ധനം നിറയ്ക്കുക. മായം കലര്‍ന്ന ഇന്ധനം ഇന്‍കജ്ടറുകള്‍ക്ക് കേടുണ്ടാക്കും.

  • ഇലക്ട്രിക്കല്‍ സംവിധാനത്തിന് ഓവര്‍ ലോഡ് ആകും വിധമുള്ള അക്സസറികള്‍ ഉപയോഗിക്കാതിരിക്കുക. സ്റ്റീരിയോ, ഫോഗ് ലാംപ് പോലുള്ള ഘടകങ്ങള്‍ ഫിറ്റ് ചെയ്യാന്‍ വയറിങ് മുറിച്ചുള്ള കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കണം. അല്ലാത്തപക്ഷം ഇസിയു തകരാറിലാവാന്‍ സാധ്യത ഏറെയാണ്.Related StoriesTOP