Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
എന്താണ് സിആര്‍ഡിഐ ?
ഡാനി ഏബ്രഹാം


പെട്രോളിനെ ആപേക്ഷിച്ച് ഇന്ധനക്ഷമത കൂടുതലുണ്ടെങ്കിലും പരമ്പരാഗത ഡീസല്‍ എന്‍ജിനുകള്‍ക്ക് കുറവുകള്‍ ഏറെയായിരുന്നു. ഉയര്‍ന്ന എന്‍ജിന്‍ ശബ്ദം, കുറഞ്ഞ കരുത്ത് , പുക, വിറയല്‍ അങ്ങനെ നീളുന്നു കുറവുകളുടെ പട്ടിക. ഇതില്‍ നിന്നെല്ലാം ഡീസല്‍ എന്‍ജിനെ മോചിപ്പിച്ച സാങ്കേതിക വിദ്യയാണ് കോമണ്‍ റയില്‍ ഡയറക്ട് ഇന്‍ജക്ഷന്‍ സിസ്റ്റം. ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ച് എന്‍ജിന്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ മികവുറ്റതാക്കുന്ന സംവിധാനമാണിത്. വിവിധ കമ്പനികള്‍ വ്യത്യസ്ത പേരുകളാണ് ഈ സാങ്കേതികവിദ്യയ്ക്കു നല്‍കിയിരിക്കുന്നത്. സിആര്‍ഡിഐ (ഹ്യുണ്ടായി) , ടിഡിഐ (ഫോക്സ് വാഗന്‍) , ടിഡിസിഐ (ഫോഡ് ), ഡിഡിഐഎസ് (മാരുതി സുസൂക്കി), ഡൈകോര്‍ (ടാറ്റ)‍, സിആര്‍ഡിഇ (മഹീന്ദ്ര), മള്‍ട്ടി ജെറ്റ് (ഫിയറ്റ്) എന്നിങ്ങനെ പേരുകള്‍ അനവധിയുണ്ട്.


ചരിത്രം


സ്വിറ്റ്സര്‍ലന്റുകാരനായ റോബര്‍ട്ട് ഹൂബറാണ് അറുപതുകളില്‍ കോമണ്‍ റയില്‍ സാങ്കതിക വിദ്യയുടെ ആദിമ രൂപത്തിനു തുടക്കമിട്ടത്. ഇതു പിന്നീട് അതേ നാട്ടുകാരനായ ഡോ. മാര്‍കോ ഗന്‍സര്‍ പരിഷ്കരിച്ചു. സമാന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി, ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് ഉപയോഗിച്ചുള്ള കോമണ്‍ റയില്‍ സിസ്റ്റം ഇറ്റാലിയന്‍ കമ്പനി ഫിയറ്റിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചത്. ജര്‍മന്‍ കമ്പനി ബോഷ് ഇതിനു പൂര്‍ണത നല്‍കി വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനു തുടക്കമിട്ടു. ഇതേ കാലയളവില്‍ ജപ്പാനിലെ ഡെന്‍സോ കോര്‍പ്പറേഷനും ഇത്തരത്തിലുള്ള കോമണ്‍ റയില്‍ സിസ്റ്റം രൂപപ്പെടുത്തുന്നുണ്ടായിരുന്നു. 1995 ല്‍ കോമണ്‍ റയില്‍ എന്‍ജിനുള്ള ഹിനോ ട്രക്ക് അവര്‍ പുറത്തിറക്കി.
 


കോമണ്‍ റയില്‍ സിസ്റ്റം ഘടിപ്പിച്ച കാറുകള്‍ വിപണിയിലെത്തിയത് 1997 ലാണ്. ആദ്യമെത്തിയത് ആല്‍ഫാ റോമിയോ 156 ആണ്. തൊട്ടുപിന്നാലെ മെഴ്സിഡീസ് ബെന്‍സ് സി 220 സിഡിഐ യും പുറത്തിറങ്ങി.


പ്രവര്‍ത്തനരീതി


ഇന്ധനവും വായുമായി കൂടിക്കലരുന്നതിന്റെ തോതനുസരിച്ചാണ് എന്‍ജിനിലെ ജ്വലനത്തിന്റെ കാര്യക്ഷമത. ഇന്ധനത്തെ അതിസൂഷ്മ കണങ്ങളാക്കി വായുവുമായുള്ള മിശ്രണം മികച്ചതാക്കുന്നതിനൊപ്പം എന്‍ജിലെ പ്രവര്‍ത്തനം പരമാവധി കൃത്യതയുള്ളതാക്കുകയാണ് കോമണ്‍ റയില്‍ സംവിധാനം ചെയ്യുന്നത്. ഇന്ധനത്തിന്റെ പരമാവധി ജ്വലനം ഇതു സാധ്യമാക്കുന്നതിനാല്‍ പരമാവധി കരുത്തും മൈലേജും ഉറപ്പാക്കാനാവുന്നു. ഒപ്പം പുകയും കുറയ്ക്കുന്നു.


പലതരം സെന്‍സറുകള്‍, മൈക്രോ പ്രോസസര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് (ഇസിയു) , ഹൈ പ്രഷര്‍ പമ്പ്, ഫ്യുവല്‍ പമ്പ്, റയില്‍, ഇന്‍ജക്ടറുകള്‍ എന്നിവ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. ആക്സിലറേറ്റര്‍ പെഡല്‍ പൊസിഷന്‍ സെന്‍സര്‍, ക്രാങ്ക് പൊസിഷന്‍ സെന്‍സര്‍, റയില്‍ പ്രഷര്‍ സെന്‍സര്‍, എയര്‍ ടെമ്പറേച്ചര്‍ സെന്‍സര്‍ എന്നിങ്ങനെയാണ് സെന്‍സറുകളുടെ നിര. ആദ്യ ഘട്ടത്തില്‍ ഫ്യുവല്‍ ടാങ്കില്‍ നിന്നും ആവശ്യമായ അളവിലുള്ള ഇന്ധനം ഇലക്ട്രിക് ഫ്യുവല്‍ പമ്പ് വലിച്ചെടുത്ത് ഹൈ പ്രഷര്‍ പമ്പിലെത്തിക്കുന്നു. ഫ്യുവല്‍ ഫില്‍റ്ററിലൂടെ കടത്തിവിട്ട് മാലിന്യങ്ങള്‍ നീക്കിയ ശേഷമാണിത്. ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് കോമണ്‍ റയില്‍ സിസ്റ്റത്തിന്റെ തലച്ചോറായ ഇസിയു ആണ്.
 


എന്‍ജിന്‍ ക്രാങ്ക് ഷാഫ്ടില്‍ നിന്നും ഊര്‍ജം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹൈ പ്രഷര്‍ പമ്പാണ് ഇന്ധനത്തെ ഉയര്‍ന്ന മര്‍ദ്ദത്തിലാക്കി റയിലില്‍ നിറയ്ക്കുന്നത്. ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഇന്ധനത്തെ വഹിക്കുന്ന കുഴല്‍ എന്നു റയിലിനെ പറയാം. പരമ്പരാഗത ഡീസല്‍ എന്‍ജിനില്‍ നിന്നു വ്യത്യസ്തമായി വിവിധ സിലിണ്ടറുകള്‍ക്ക് ഇന്ധനം നല്‍കാന്‍ ഒറ്റക്കുഴല്‍ ഉപയോഗിക്കുന്നതിലാണ് കോമണ്‍ റയില്‍ എന്ന പേരുപയോഗിക്കാന്‍ കാരണം. 2000 ബാര്‍ വരെ മര്‍ദ്ദത്തിലാണ് റയിലിനുള്ളിലെ ഇന്ധനം.കണക്ടിങ് പൈപ്പുകളിലൂടെ ഇത് ഇലക്ട്രോണിക് ഇന്‍ജക്ടറുകളിലെത്തുന്നു. ഉയര്‍ന്ന മര്‍ദ്ദതിലുള്ള ഇന്ധനം ഇന്‍ജക്ടറിലെ അതിസൂഷ്മ സുഷിരത്തിലൂടെ കടന്നുപോകുമ്പോള്‍ സ്പ്രേ രൂപത്തിലാകുന്നു. ഇതു വായുവുമായുള്ള ഇന്ധന സംയോജനം ഏറ്റവും ഫലപ്രദമാക്കി ജ്വലനം കാര്യക്ഷമമാക്കും.


വിവിധ സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇസിയു ആണ് ഇന്‍ജക്ടറുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. എന്‍ജിന്റെ സ്പീഡും ലോഡും മറ്റു ഘടകങ്ങളും കണക്കിലെടുത്ത് ഓരോ സിലിണ്ടറിലേക്കും ആവശ്യമായ അളവില്‍ കൃത്യമായ സമയത്ത് ഇന്ധനം എത്തിക്കാന്‍ അതിനാല്‍ കഴിയുന്നു. എന്‍ജിനിലേക്കുള്ള വായു പ്രവാഹം കൂട്ടുന്നതിന് ടര്‍ബോ ചാര്‍ജറും പൊതുവെ കോമണ്‍ റയില്‍ എന്‍ജിനില്‍ ഉപയോഗിക്കാറുണ്ട്.


നേട്ടങ്ങള്‍ കോട്ടങ്ങള്‍


സാധാരണ ഡീസല്‍ എന്‍ജിനേ അപേക്ഷിച്ച് 25 മുതതല്‍ 35 ശതമാനം വരെ അധിക ഇന്ധനക്ഷമത നല്‍കാന്‍ കോമണ്‍ റയില്‍ സാങ്കേതിക വിദ്യയ്ക്കു കഴിയുന്നു. തണുപ്പുകാലത്തെ സ്റ്റാര്‍ട്ടിങ് ട്രബിള്‍, ഉയര്‍ന്ന എന്‍ജിന്‍ ശബ്ദം, വിറയല്‍ എന്നിവ പരമാവധി കുറയ്ക്കുന്നതിനൊപ്പം മികച്ച പെര്‍ഫോമന്‍സ്, കുറഞ്ഞ മലിനീകരണം എന്നിവ ഇതു ഉറപ്പാക്കുന്നു.


താരതമ്യേന ഉയര്‍ന്ന വിലയാണ് കോമണ്‍ റയില്‍ സാങ്കേതിക വിദ്യയുള്ള വാഹനങ്ങള്‍ക്ക്. മാത്രവുമല്ല സാധാരണ വര്‍ക്ക് ഷോപ്പുകളില്‍ ഇത്തരം എന്‍ജിന്റെ അറ്റകുറ്റപ്പണികള്‍ സാധ്യവുമല്ല. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയേ ഇത്തരം എന്‍ജിന്റെ തകരാര്‍ മനസിലാക്കി പരിഹാരം കാണാനാവൂ. അറ്റകുറ്റപ്പണിക്കും സ്പെയര്‍ പാര്‍ട്സിനും കൂടുതല്‍ തുക മുടക്കണമെന്നതും കുറവ്.


 Related StoriesTOP