Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
സൂപ്പര്‍ ശക്തിയ്ക്ക് സൂപ്പര്‍ ചാര്‍ജര്‍
ലിയോ


എന്‍ജിനിലേക്ക് കൂടുതല്‍ വായു കടത്തിവിട്ട് ഇന്ധനജ്വലനം മെച്ചപ്പെടുത്തുന്ന ടര്‍ബോ ചാര്‍ജറിന്റെ ജോലിതന്നെയാണ് സൂപ്പര്‍ചാര്‍ജറിനും. തമ്മിലുള്ള വ്യത്യാസം അവ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന ഊര്‍ജസ്രോതസിന്റ കാര്യത്തിലാണ്. എന്‍ജിന്‍ പുറന്തള്ളുന്ന പുകയുടെ ശക്തി ഉപയോഗപ്പെടുത്തി ടര്‍ബോ ചാര്‍ജര്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്‍ജിന്‍ ശക്തിയാണ് സൂപ്പര്‍ചാര്‍ജറിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ചുരുക്കത്തില്‍ എന്‍ജിന്‍ ശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന ഒരു കംപ്രസര്‍ മാത്രമാണ് സൂപ്പര്‍ ചാര്‍ജര്‍. 


താരതമ്യേന കുറഞ്ഞ കംപ്രഷന്‍ അനുപാതമുള്ള പെട്രോള്‍ എന്‍ജിനുകളുടെ എക്സോസ്റ്റ് വാതകകങ്ങള്‍ക്ക് ടര്‍ബോ ചാര്‍ജര്‍ മികവോടെ പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പമല്ല. അതിനാല്‍ പെട്രോള്‍ എന്‍ജിനുകള്‍ക്കാണ് സൂപ്പര്‍ ചാര്‍ജര്‍ അധികവും ഉപയോഗിക്കുന്നത്.


എന്‍ജിന്‍ ക്രാങ്ക് ഷാഫ്ടുമായി ബന്ധിപ്പിച്ച ബെല്‍റ്റ്, ഗീയര്‍, ഷാഫ്ട്, അല്ലെങ്കില്‍ ചെയിന്‍ മുഖേനയാണ് സൂപ്പര്‍ ചാര്‍ജര്‍ എന്‍ജിന്‍ ശക്തിയുടെ ഒരു ഭാഗം സ്വീകരിക്കുക. സൂപ്പര്‍ ചാര്‍ജറിന്റെ പ്രവര്‍ത്തനത്തിനായി എന്‍ജിന്‍ ശക്തിയുടെ 20 ശതമാനം വരെ ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഇതുകൊണ്ടെന്തു പ്രയോജനം എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. ഇത്രയും ഊര്‍ജം ഉപയോഗപ്പെടുത്തി 40 ശതമാനത്തോളം എന്‍ജിന്‍ ശക്തി വര്‍ധിപ്പിക്കാന്‍ ഈ സംവിധാനത്തിനു കഴിയും. എങ്കില്‍ കൂടി ടര്‍ബോ ചാര്‍ജറിന്റെ അത്ര ഇന്ധനക്ഷമത ഉറപ്പാക്കാന്‍ ഇതിനു കഴിവില്ല. അതുകൊണ്ടുതന്നെ മൈലേജിനേക്കാളേറെ പെര്‍ഫോമന്‍സിനു പ്രാധാന്യമുള്ള സ്പോര്‍ട്സ് കാറുകളിലാണ് സൂപ്പര്‍ ചാര്‍ജറുകള്‍ പൊതുവെ കാണാറുള്ളത്.


എന്‍ജിന്‍ ഒരു നിശ്ചിത പരിധി വേഗത്തിലെത്തുന്നതുവരെ ടര്‍ബോ ചാര്‍ജ്ഡ് വാഹനങ്ങള്‍ക്ക് വലി മടുപ്പ് അനുഭവപ്പെടും. സൂപ്പര്‍ ചാര്‍ജ്ഡ് വാഹനങ്ങള്‍ക്ക് ഈ പ്രശ്നമില്ല. നേരിട്ട് എന്‍ജിന്‍ കരുത്ത് ഉപയോഗിക്കുന്നതിനാല്‍ സഡന്‍ പിക്ക് അപ് അതുറപ്പാക്കും.



Related Stories







TOP

Designed and developed by EGGS