Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
ടര്‍ബോ കരുത്ത്
മധു മധുരത്തില്‍


മൈലേജും കരുത്തും കൂട്ടാന്‍ എന്‍ജിനിലെ ഇന്ധന ജ്വലനം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അതിനു സഹായകരമായ ഉപാധിയാണ് ടര്‍ബോ ചാര്‍ജര്‍. കൂടുതല്‍ വായു എന്‍ജിനിലേക്ക് കടത്തിവിട്ട് ഇന്ധനത്തിന്റെ മെച്ചപ്പെട്ട ജ്വലനം അതുറപ്പാക്കുന്നു. സാധാരാണയിലും അമ്പതു മടങ്ങ് വായുവാണ് ടര്‍ബോ ചാര്‍ജര്‍ എന്‍ജിനു നല്‍കുക. ഇതു 40 ശതമാനം വരെ എന്‍ജിന്‍ പെര്‍ഫോമന്‍സ് മികവുറ്റതാക്കുന്നു.


പ്രവര്‍ത്തനരീതി


എന്‍ജിനിലേക്ക് കൂടുതല്‍ വായു കടത്തിവിടുന്ന ഒരു പമ്പ് എന്നു ടര്‍ബോചാര്‍ജറിനെ ലളിതമായി പറയാം. എന്‍ജിനില്‍ നിന്നു പുറന്തള്ളുന്ന പുകയുടെ ശക്തി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടര്‍ബോചാര്‍ജറില്‍ ഒരു സെന്‍ട്രിഫ്യൂഗല്‍ കംപ്രസറും ചെറിയ ടര്‍ബൈനും അടങ്ങുന്നു.


എന്‍ജിന്റെ എക്സോസ്റ്റ് മാനിഫോള്‍ഡിലാണ് ടര്‍ബോ ചാര്‍ജര്‍ ഉറപ്പിക്കുന്നത്.സിലിണ്ടറുകളില്‍ നിന്നു പുറന്തള്ളുന്ന പുക ടര്‍ബൈനിലേക്ക് കടത്തിവിടുമ്പോള്‍ അത് ഉയര്‍ന്ന വേഗത്തില്‍ കറങ്ങും. ടാര്‍ബൈന്റെ കറക്കം ഫാഫ്ടിലൂടെ സ്വീകരിക്കുന്ന കംപ്രസര്‍(എയര്‍ ഫില്‍ട്ടറിനും ഇന്‍ടേക്ക് മിനിഫോള്‍ഡിനും ഇടയ്ക്കാണിതിനു സ്ഥാനം) ഉയര്‍ന്ന മര്‍ദ്ദത്തില്‍ അന്തരീക്ഷ വായുവിനെ വലിച്ചെടുത്ത് ഉയര്‍ന്ന മര്‍ദ്ദത്തില്‍ എന്‍ജിനിലേക്ക് കടത്തിവിടുന്നു. ടര്‍ബൈനിലൂടെ കടന്നശേഷം വാതകങ്ങള്‍ എക്സോസ്റ്റ് പൈപ്പിലൂടെ പുറന്തള്ളപ്പെടും.
 


ടര്‍ബോ ചാര്‍ജറിലെ ടര്‍ബൈനെ കംപ്രസര്‍ പമ്പുമായി ബന്ധിപ്പിക്കുന്ന ഷാഫ്ട് ഒരു മിനിറ്റില്‍ ഒന്നരലക്ഷം തവണ വരെ കറങ്ങുന്നുണ്ട്. അതായത് എന്‍ജിന്‍ ക്രാങ്ക്ഷാഫ്ട് കറങ്ങുന്നതിന്റെ 30 ഇരട്ടി വേഗത്തില്‍. അതിവേഗത്തിലുള്ള ഈ കറക്കം താങ്ങാന്‍ സാധാരണ ബെയറിങ്ങുകള്‍ക്കു കഴിയില്ല. അതിനാല്‍ ഷാഫ്ടിന്റെ ഘര്‍ഷണവും താപവും പരമാവധി കുറയ്ക്കുന്ന പ്രത്യേകതരം ബെയറിങ്ങോ ഫ്ലൂയിഡ് ബെയറിങ്ങോ ആണ് ടാര്‍ബോ ചാര്‍ജറുകളില്‍ ഉപയോഗിക്കാറുള്ളത്. സാധാരമമായി ഉപയോഗിക്കുന്നത് ഫ്ളുയിഡ് ടൈപ്പ് തന്നെ. ഇത്തരം ബെയറിങ് ഷാഫ്ടിനു ചുറ്റും ഓയിലിന്റെ പാളി തീര്‍ക്കുന്നു. ഇതു ഘര്‍ഷണം കുറയ്ക്കുന്നതിനൊപ്പം ഷാഫ്ടിനെ തണുപ്പിക്കുകയും ചെയ്യും.


ടര്‍ബോ ചാര്‍ജര്‍ നല്‍കുന്ന വായുവിന്റെ മര്‍ദത്തിനു ബൂസ്റ്റ് എന്നാണ് പേര്. ഈ മര്‍ദം ഒരു പരിധിയിലേറെയായാല്‍ എന്‍ജിനു ദോഷകരമാകും. അതിനാല്‍ എന്‍ജി‍ന്‍ ഉയര്‍ന്ന വേഗത്തിലായിരിക്കുമ്പോള്‍ ടര്‍ബോയുടെ വേഗം നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനായി വേസ്റ്റ് ഗേറ്റ് എന്ന വാല്‍വ് സംവിധാനം മിക്ക ടര്‍ബോ ചാര്‍ജറുകളില്‍ ഉപോയോഗിക്കുന്നു. എക്സോസ്റ്റിന്റെ ഒരു ഭാഗത്തെ ടര്‍ബൈന്‍ ബ്ലേഡില്‍ പതിക്കാതെ പുറന്തള്ളിയാണ് ഈ വാല്‍വ് ടര്‍ബൈന്റെ കറക്കം കുറയ്ക്കുന്നത്.


ഇന്‍റര്‍കൂളര്‍


ടര്‍ബോ ചാര്‍ജറിലെ കംപ്രസര്‍ വായുവിന്റെ മര്‍ദ്ദം ഉയര്‍ത്തുമ്പോള്‍ അതിന്റെ താപനിലയും ഉയരം. തന്മൂലം വായു വികസിച്ച് അതിന്റെ സാന്ദ്രത കുറയാനിടയാകുന്നു. ടര്‍ബോ ചാര്‍ജറില്‍ നിന്നുള്ള വായുവിലെ താപം നീക്കം ചെയ്യുകയാണ് പ്രതിവിധി. ഇതിനു സഹായകമായ സംവിധാനമാണ് ഇന്റര്‍ കൂളര്‍.


റേഡിയേറ്ററിനു സമാനമായ രൂപകല്‍പ്പനയുള്ള ഇന്റര്‍കൂളറിലെ കുഴലുകളിലൂടെ കടത്തിവിടുന്ന വായുവിനെ പുറമേ നിന്നുള്ള കാറ്റുപയോഗിച്ച് തണുപ്പിക്കുന്നു. ചുരുക്കത്തില്‍ ടര്‍ബോ ചാര്‍ജറിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുകയാണ് ഇന്റര്‍കൂളറിന്റെ കടമ.


നേട്ടങ്ങളും കോട്ടങ്ങളും


എന്‍ജിന്റെ വലുപ്പം കുറച്ചുകൊണ്ട് പരമാവധി കരുത്തും ഇന്ധനക്ഷമതയും നേടാന്‍ ടര്‍ബോ ചാര്‍ജര്‍ സഹായിക്കുന്നു. മലമ്പ്രദേശങ്ങളില്‍ വായുസാന്ദ്രത കുറവായതിനാല്‍ എന്‍ജിനിലെ ജ്വലനം കാര്യക്ഷമമാകില്ല. ഫലത്തില്‍ എന്‍ജിന്‍ കരുത്തില്‍ കുറവുണ്ടാകും. എന്‍ജിനിലേക്ക് കൂടുതല്‍ അളവില്‍ വായു എത്തിക്കുന്ന ടര്‍ബോ ചാര്‍ജര്‍ വാഹനത്തിന്റെ വലിമടുപ്പ് ഇല്ലാതാക്കുന്നു.


ഇനി ന്യൂനതകള്‍ പറയാം. എന്‍ജിന്‍ ഒരു നിശ്ചിത പരിധി വേഗത്തിലെത്തുമ്പോഴാണ് ടര്‍ബോ ചാര്‍ജര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ വേണ്ട എക്സോസ്റ്റ് വാതകങ്ങള്‍ പുറന്തള്ളുക. അതുവരെ എന്‍ജിന്റെ പ്രകടനം അത്ര മെച്ചമായിരിക്കില്ല. ആക്സിലറേറ്റര്‍ ചവിട്ടുന്നതനുസരിച്ച് സ്പീഡ് കേറാത്ത ഈ അവസ്ഥയാണ് ടര്‍ബോ ലാഗ് എന്നു വിളിക്കുന്നത്. ഓടിയൊന്നു ചൂടായാല്‍ പിന്നെ പറക്കും എന്നു ടര്‍ബോ ചാര്‍ജറുള്ള വണ്ടിയെപ്പറ്റി പറയാന്‍ കാരണവും ഇതുതന്നെ.


സങ്കീര്‍ണമായ മറ്റേതൊരു യന്ത്ര സംവിധാനത്തിന്റേതുപോലെ ടര്‍ബോ ചാര്‍ജറുകളുടെ അറ്റകുറ്റപ്പണിയും ചെലവേറിയതാണെന്നതും കുറവായി പറയാം.


ടര്‍ബോചാര്‍ജറിനു അയുസ്സ് കിട്ടാന്‍  • ടര്‍ബോ ചാര്‍ജറിലെ ഘടകങ്ങള്‍ക്കുവേണ്ട ലൂബ്രിക്കേഷനു എന്‍ജിനിലെ ഓയിലാണ് ഉപയോഗിക്കുന്നത്. അതിനാല്‍ വാഹനനിര്‍മാതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിലവാരമുള്ള എന്‍ജിന്‍ ഓയില്‍ ഉപയോഗിക്കുകയും കൃത്യമായ കാലയളവില്‍ ഓയില്‍ മാറ്റം നടത്തുകയും വേണം.

  • മണിക്കൂറുകളോളം പാര്‍ക്ക് ചെയ്ത ശേഷം വണ്ടി എടുക്കും മുമ്പ് 30 സെക്കന്‍ഡ് നേരം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തിടുക. ടര്‍ബോ ബെയറിങ്ങുകളില്‍ ആവശ്യമായ ഓയില്‍ എത്താന്‍ ഇതു സഹായിക്കും.

  • വെറുതെ ആക്സിലറേറ്റര്‍ കൊടുത്ത് ടര്‍ബോ പെട്ടെന്നു പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്. ശരിയായ ലൂബ്രിക്കേഷന്‍ നടക്കാതെ, ടര്‍ബോ ഘടകങ്ങള്‍ക്ക് തകരാറുണ്ടാക്കാന്‍ അതു കാരണമാകും.

  • യാത്രയ്ക്കു ശേഷവും വണ്ടി പെട്ടെന്നു നിര്‍ത്തരുത്. 30 സെക്കന്‍ഡ് നേരം കാത്തിരിക്കുക. ടര്‍ബോയുടെ കറക്കം ക്രമാനുഗതമായി കുറയുന്നതിനും ഓയില്‍ തിരികെ എന്‍ജിനില്‍ എത്തുന്നതിനും അതു അവസരം നല്‍കും.

  • എയര്‍ഫില്‍ട്ടര്‍, ഫ്യുവല്‍ ഫില്‍ട്ടര്‍ എന്നിവ നിര്‍‍ദ്ദിഷ്ട കാലയളവില്‍ മാറ്റുക.Related StoriesTOP