Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
ജീവനു തുണയേകും എയര്‍ബാഗ്
മധു മധുരത്തില്‍


കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാന്‍ കഴിവുള്ള സുരക്ഷാ സംവിധാനമാണ് എയര്‍ബാഗ്. അപകടമുണ്ടായാല്‍ സ്വയം പ്രവര്‍ത്തിച്ച് യാത്രക്കാരുടെ ജീവനു സംരക്ഷണമേകുന്ന എയര്‍ ബാഗിനെപ്പറ്റി കൂടുതല്‍ അറിയുക.


എയര്‍ബാഗിനെപ്പറ്റി പറഞ്ഞു തുടങ്ങും മുമ്പ് അല്‍പ്പം ഫിസിക്സ്. അസന്തുലിതമായ ഒരു ബാഹ്യബലം അനുഭവപ്പെടുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേര്‍രേഖ സമചലനത്തിലോ തുടരും എന്ന ന്യൂട്ടന്റെ ഒന്നാം ചലനനിയമം നിങ്ങള്‍ പഠിച്ചിട്ടുണ്ടാവും. നമുക്ക് വാഹനത്തിന്റെ കാര്യമെടുക്കാം. ഓടുന്ന വാഹനത്തിന്റെ വേഗത്തിനൊപ്പം അതിലെ യാത്രക്കാരും ചലനത്തിലാണ് . രണ്ടിന്റെയും ചലനം സ്വതന്ത്രമാണെന്നു മാത്രം. അതുകൊണ്ടുതന്നെ സഡന്‍ ബ്രേക്കിട്ടാല്‍ വാഹനത്തിന്റെ ചലനം നിലയ്ക്കുമെങ്കിലും യാത്രക്കാരുടെ ചലനവേഗം കുറയില്ല. വാഹനത്തിനുള്ളിലെവിടെയെങ്കിലും തട്ടിയിട്ടാവും അതു നിശ്ചലാവസ്ഥയിലെത്തുക. ഇങ്ങനെ യാത്രക്കാര്‍ക്കു പരിക്കേല്‍ക്കാതെ തടയുന്ന ജോലി സാധാരണഗതിയില്‍ സീറ്റ് ബെല്‍റ്റാണ് ചെയ്യുന്നത്. എന്നാല്‍ വാഹനം എന്തിലെങ്കിലും ഇടിച്ചാണ് നില്‍ക്കുന്നതെങ്കില്‍ സീറ്റ് ബെല്‍റ്റുകള്‍ മാത്രം മതിയാവില്ല. എയര്‍ ബാഗുകള്‍ ഇവിടെയാണ് രക്ഷയ്ക്കെത്തുന്നത്. യാത്രക്കാരുടെ ചലനത്തിന്റെ വേഗം സുരക്ഷിതമായി പൂജ്യത്തിലെത്തിക്കുകയാണ് എയര്‍ബാഗ് ചെയ്യുന്നത്.


പ്രവര്‍ത്തനരീതി


യാത്രക്കാരുടെ നേരിട്ടുള്ള ഇടപെടല്‍ വേണ്ടാത്തതും അപകടമുണ്ടായാല്‍ സ്വയം പ്രവര്‍ത്തിക്കുന്നതുമായ സുരക്ഷാ സംവിധാനമായ എയര്‍ബാഗ് പേര് സൂചിപ്പിക്കുന്നതുപോലെ വായു നിറച്ച സഞ്ചി പോലെയാണ് പ്രവര്‍ത്തനസമയത്ത് കാണപ്പടുക. നേര്‍ത്ത നൈലോണ്‍ നിര്‍മിത ബാഗില്‍ നൈട്രജന്‍ വാതകമാണ് നിറയുക. ഈ നൈലോണ്‍ ബാഗ് സൂക്ഷ്മമായി മടക്കി സ്റ്റിയറിങ് വീലിനു നടുക്കോ ഡാഷ് ബോര്‍ഡിലോ ഉറപ്പിച്ചിരിക്കും. മുന്നിലെ എയര്‍ബാഗുകള്‍ കൂടാതെ സീറ്റുകളില്‍ ഘടിപ്പിക്കുന്ന സൈഡ് എയര്‍ ബാഗുകള്‍, ഡോറിനു മുകളില്‍ ഘടിപ്പിക്കുന്ന കര്‍ട്ടന്‍ എയര്‍ ബാഗുകള്‍ എന്നിവയും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ആഘാതം തിരിച്ചറിയുന്ന സെന്‍സറുകളില്‍ നിന്നുള്ള സിഗ്നലുകള്‍ വിലയിരുത്തുന്ന ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റാണ് എയര്‍ബാഗിന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത്. മണിക്കൂറില്‍ 16 മുതല്‍ 26 കിമീ വരെ വേഗത്തില്‍ ഒരു ഇഷ്ടിക ഭിത്തിയില്‍ ഇടിക്കുന്നതിനു തുല്യമായ ആഘാതം സെന്‍സറില്‍ നിന്നു തിരിച്ചറിഞ്ഞാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കും.രാസപ്രവര്‍ത്തനത്തിലൂടെ നൈട്രജന്‍ ഉത്പാദിപ്പിക്കുന്ന ഇന്‍ഫ്ലേഷന്‍ യൂണിറ്റാണ് ഇസിയുവില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം എയര്‍ബാഗ് വികസിപ്പിക്കുന്നത്. സോഡിയം അസൈഡും(NaN3) പൊട്ടാസ്യം നൈട്രേറ്റും (KNO3) വേര്‍തിരിക്കപ്പെട്ട നിലയില്‍ ഇതിലുണ്ട്. ഇവയുടെ നടുക്കായി ഉറപ്പിച്ചിരിക്കുന്ന ഇഗ്നീറ്റര്‍ രണ്ടു രാസവസ്തുക്കളെയും ജ്വലിപ്പിച്ച് ഉയര്‍ന്ന അളവില്‍ നൈട്രജന്‍ വാതകം പുറത്തുവിടും. ഇതു നിറഞ്ഞ് എയര്‍ബാഗ് അതിവേഗം വികാസം പ്രാപിക്കുന്നു. കണ്ണടയ്ക്കുന്നതിനേക്കാള്‍ വേഗത്തില്‍, ശരിക്കും ഒരു സ്ഫോടനം കണക്കെയാണ് എയര്‍ബാഗ് പുറത്തുവരുന്നത്. മണിക്കൂറില്‍ 322 കിമീ വരെ വേഗത്തിലാണത്രേ എയര്‍ബാഗിന്റെ വികാസം. എയര്‍ബാഗ് വിടരുമ്പോള്‍ പുക പോലെ തോന്നിക്കുന്ന പൊടി പടലം വണ്ടിയ്ക്കുളളില്‍ പടരും. മടക്കി വയ്ക്കുന്ന ബാഗിലെ പാളികള്‍ തമ്മില്‍ ഒട്ടിപ്പോകാതിരിക്കാനും അനായാസം ബാഗ് നിവരാനും ഉപയോഗിക്കുന്ന പൌഡറാണ് പുകയായി കാണപ്പെടുന്നത്.


സെന്‍സര്‍ വിവരം തിരിച്ചറിയുന്നതുമുതലുള്ള എയര്‍ബാഗ് പ്രവര്‍ത്തനത്തിനു എല്ലാം കൂടി സെക്കന്‍ഡിന്റെ ഇരുപത്തിയഞ്ചിലൊരംശം സമയം മതിയെന്നാണ് കണക്ക്. ഒരു സെക്കന്‍ഡിനു ശേഷം, എയര്‍ബാഗിലെ സൂഷ്മ സുഷിരങ്ങളിലൂടെ വാതകം പുറത്തു പോകും. അങ്ങനെ എയര്‍ബാഗ് ചുരുങ്ങുന്നു.


ഒറ്റത്തവണത്തേ ഉപയോഗത്തിനേയുള്ളൂ എയര്‍ബാഗ്. വികസിച്ച എയര്‍ബാഗും അനുബന്ധഘടകങ്ങളും നീക്കം ചെയ്ത് പുതിയതു വയ്ക്കണം. അംഗീകൃത സര്‍വീസ് സെന്ററിലെ വിദഗ്ദരായ മെക്കാനിക്കുകളെക്കൊണ്ടുവേണം ഇതു ചെയ്യിക്കാന്‍. ഇന്‍ഷുറന്‍സ് ക്ലെയിമില്‍ എയര്‍ബാഗിന്റെ വിലയുടെ 50 ശതമാനം ലഭിക്കും.


വാഹനത്തിലുള്ള ആളുകളുടെ എണ്ണം, ഭാരം, വലുപ്പം എന്നിവ കണക്കിലെടുത്ത് വാതകമര്‍ദ്ദം ക്രമീകരിക്കാനും വികസിക്കാനും കഴിവുള്ള എയര്‍ബാഗുകള്‍ ആഡംബരകാറുകളില്‍ ഉപയോഗിക്കുന്നുണ്ട്. എയര്‍ബാഗ് ഓഫ് ചെയ്തുവയ്ക്കാനുള്ള സൌകര്യവും ചില വാഹനങ്ങളിലുണ്ട്. ശാരീരികാവസ്ഥ മോശമായവര്‍ മുന്‍സീറ്റിലിരിക്കുമ്പോള്‍ ഇതു പ്രയോജനപ്പെടും.
 


ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍  • എയര്‍ബാഗുള്ള വാഹനത്തിലെ യാത്ര പൂര്‍ണ സുരക്ഷിതം ആണെന്നു കരുതാനാവില്ല. എയര്‍ബാഗ് തന്നെ ചില അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ എയര്‍ബാഗിനാല്‍ ഉണ്ടായേക്കാവുന്ന ക്ഷതം കുറയ്ക്കാമെന്നാണ് യാഥാര്‍ഥ്യം. ഇടിയുടെ ആഘാതത്തില്‍ സീറ്റില്‍ നിന്ന് നിരങ്ങി മാറുന്നത് തടയാന്‍ സീറ്റ് ബെല്‍റ്റുകള്‍ക്ക് കഴിയും. അതിനാല്‍ എയര്‍ ബാഗിന്റെ പൂര്‍ണമായ പ്രയോജനം ഉറപ്പാകുന്നു.

  • ഡ്രൈവര്‍ എയര്‍ബാഗുമായി വളരെ അടുത്തിരിക്കുന്നത് എയര്‍ബാഗ് വികസിക്കുമ്പോഴുള്ള ആഘാതം ഏല്‍ക്കാന്‍ ഇടയാക്കും. ചൂട് നൈട്രജന്‍ മൂലം പൊള്ളലേറ്റ സംഭവങ്ങളുമുണ്ട്. അഞ്ചു മുതല്‍ എട്ടു സെന്റീമീറ്റര്‍ പരിധിയിലാണ് ഏറ്റവും പ്രശ്നം. അതിനാല്‍ സ്റ്റിയറിങ്ങിന്റെ നടുഭാഗവും നിങ്ങളും വാരിയെല്ലും തമ്മില്‍ 25 സെന്റീ മീറ്റര്‍ അകലം പാലിക്കും വിധം സീറ്റ് ക്രമീരിക്കുക.

  • നെഞ്ചിലേക്ക് എയര്‍ബാഗ് കേന്ദ്രീകരിക്കും വിധം സ്റ്റിയറിങ് സജ്ജീകരിക്കുക (സ്റ്റിയറിങ്ങിന്റെ ചെരിവ് ക്രമീകരിക്കാനുള്ള സൌകര്യമുള്ള വാഹനത്തില്‍ മാത്രം).

  • എയര്‍ബാഗ് വികസിക്കുമ്പോളുള്ള ആഘാതത്തില്‍ കുട്ടികള്‍ക്കും തീര്‍ത്തു പൊക്കം കുറഞ്ഞവര്‍ക്കും അപകടം സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, ഉയരം കുറഞ്ഞവര്‍ ഒക്കെ പിന്‍ സീറ്റിലിരിക്കുന്നതാണ് സുരക്ഷിതം.

  • എയര്‍ബാഗ് വികസിക്കുമ്പോള്‍ സ്റ്റിയറിങ് വീലിനു കുറുകെ കൈയിരുന്നാല്‍ ഒടിവു സംഭവിക്കാന്‍ ഇടയുണ്ട്. ഡ്രൈവിങ് ആശാന്മാര്‍ പറയാറുള്ളതുപോലെ കൈകള്‍ 10-10 ക്ലോക്ക് പൊസിഷനില്‍ വയ്ക്കുന്നതാണ് ഉത്തമം.


 Video
Related StoriesTOP